ധനുമാസ തിരുവാതിര ആഘോഷിച്ചു

ധനു മാസത്തിലെ തിരുവാതിര ആഘോഷങ്ങൾ മലയാളി വനിതകളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. തങ്ങളുടെ സാംസ്കാരിക തനിമ കാത്തു സൂക്ഷിക്കുന്നതിനുള്ള താല്പര്യവും, അത് പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാനുള്ള സാമൂഹിക കടമയുമാണ് ഈ വര്ഷം മുതൽ തിരുവാതിര ആഘോഷിക്കാൻ ഡാളസ്സിലെ വനിതകൾക്ക് പ്രചോദനമായത്. പ്ലാനോ സിറ്റിയിൽ ഉള്ള ഗണേശ അമ്പലത്തിലെ സാംസ്കാരിക മന്ദിരത്തിൽ എൻ എസ് എസ് നോർത്ത് ടെക്സാസ് അംഗങ്ങൾ സംഘടിപ്പിച്ച തിരുവാതിര, എല്ലാ മലയാളി ഹിന്ദു വനിതകളുടെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പര്യായമായി. പകൽ ഉപവാസം അനുഷ്ടിച്ച അൻപതിൽ പരം വനിതകളും പെൺകുട്ടികളും, മരം കോച്ചുന്ന തണിപ്പിനെ അവഗണിച്ചു സന്ധ്യാ വന്ദനത്തിനു ശേഷം നിലവിളക്കിനു മുൻപിൽ ധനശ്ലോകം ചൊല്ലി തുടങ്ങിയ തിരുവാതിരകളിക്ക് രമ്യ ഉണ്ണിത്താൻ, കാർത്തിക ഉണ്ണികൃഷ്ണൻ, ലക്ഷ്മി വിനു, പ്രിയ എന്നിവർ നേതൃത്വം നൽകി. രാത്രി വൈകി പാതിരാപ്പൂ ചൂടി, ദശപുഷ്പം ചാർത്തുന്ന ചടങ്ങുകൾക്കും, തിരുവാതിര പുഴുക്കിനും, നൂറ്റൊന്നു മുറുക്കാനും ശേഷം പിരിയുമ്പോൾ പാരമ്പര്യത്തിന്റെ കണ്ണികൾ മുറിയാതെ സൂക്ഷിക്കുവാനുള്ള മലയാളി വനിതകളുടെ തീരുമാനത്തിന് നിറമേറി.